അടൂർ: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജയകൃഷ്ണൻ പള്ളിക്കലിന് ജാമ്യം. അടൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവം നടന്ന് മൂന്ന് മാസമായിട്ടും പൊലീസ് നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നും ജയകൃഷ്ണൻ യഥാർഥ പ്രതിയല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിലെ ഒന്നാം പ്രതിക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ജയകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് ഇയാൾ.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് അടൂർ സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘർഷവും അതിക്രമവും ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. പിന്നീട് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടർന്നാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജനെ അടൂർ സ്റ്റേഷനിലെത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ടായിരുന്നു. ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോൺഗ്രസ് നേതാവ് ഫെന്നി നൈനാനും മറ്റ് പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷനിലെ സെല്ലിന് സമീപം വെച്ച് രാജൻ ജോസഫുമായി പ്രവർത്തകർ തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം, ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാജൻ ജോസഫിനെ താൻ ആക്രമിച്ചിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയിരുന്നു. സെല്ലിനുള്ളിലുണ്ടായിരുന്ന രാജനോട് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നായിരുന്നു അവരുടെ വിശദീകരണം.


