നിലമ്പൂർ: യുഡിഎഫ് പ്രവേശനത്തിനായി താൻ മുന്നോട്ട് വെച്ച ഡിമാൻഡുകൾ വെളിപ്പെടുത്തി പി.വി. അൻവർ. നിലമ്പൂരിന് പകരം താൻ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ചോദിച്ചിരുന്നതായും ബേപ്പൂരിൽ മത്സരിക്കാനാണ് തനിക്ക് മറുപടി ലഭിച്ചതെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ.
‘ഒരുപാട് ചർച്ചകൾ നടത്തി. ആരെ സ്ഥാനാർഥിയാക്കിയാലും അംഗീകരിക്കാമെന്ന് പറഞ്ഞു. ഷൗക്കത്തിനെ അംഗീകരിക്കാമെന്നും അറിയിച്ചു. ഒറ്റ കാര്യമേ മുന്നോട്ട് വെച്ചിട്ടുള്ളൂ. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കുമെന്ന് രേഖാപരമായോ അല്ലെങ്കിൽ പൊതുസമൂഹത്തിന് മുന്നിൽ പ്രഖ്യാപിക്കുകയോ വേണം. ഞാൻ എന്റെ ഉറച്ച സിറ്റിങ് സീറ്റാണ് നൽകിയത്. അതുകൊണ്ട് ജനങ്ങളുടെ കാര്യങ്ങൾ നിയമസഭയിൽ പറയാൻ ഒരു സിറ്റിങ് സീറ്റും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇവർ നാളെ എന്നെ ചവിട്ടിപ്പുറത്താക്കും. അത് ഇപ്പോഴാണ് ആവശ്യപ്പെട്ടത്. മുമ്പ് ആവശ്യപ്പെട്ടിട്ടില്ലായിരുന്നു.’ അൻവർ പറഞ്ഞു.
‘കോൺഗ്രസ് 99 സീറ്റിൽ മത്സരിക്കുന്നുണ്ട്. ഭൂരിപക്ഷം സീറ്റുകളിലും പരാജയപ്പെടുകയാണ്. അവർ തോറ്റ പല സീറ്റുകളിലും എനിക്ക് ജയിപ്പിക്കാൻ കഴിയും. അതിന് പറ്റിയ സ്ഥാനാർഥികൾ സ്വതന്ത്രരടക്കം എൻ്റെ കൈയിൽ ഉണ്ട്. മലമ്പുഴ ഏറ്റെടുക്കാമെന്നും പറഞ്ഞു. ഒന്നിനും അവർ തയ്യാറായില്ല. അവസാനം ഞാൻ പറഞ്ഞു, നിങ്ങൾ എനിക്ക് മത്സരിക്കാൻ സീറ്റ് നൽകൂവെന്ന്. ഘടകക്ഷിയാക്കുന്നതും വിട്. അസോസിയേറ്റ് എങ്കിൽ അസോസിയേറ്റ്. സമ്മതിക്കാൻ വേണ്ടിയായിരുന്നില്ല അങ്ങനെ പറഞ്ഞത്, അവരുടെ മനസ്സിലിരിപ്പ് അറിയാനായിരുന്നു. 140 സീറ്റില്ലേ. എവിടേയും മത്സരിക്കാമെന്നാണ് അവർ പറഞ്ഞത്. പറ്റില്ലെന്ന് മറുപടി നൽകിയെന്നും അൻവർ പറഞ്ഞു.






