ന്യൂഡല്‍ഹി: രാജ്യത്തെ വാഹന ഉടമകള്‍ക്ക് തിരിച്ചടി. ഉടന്‍ തന്നെ തേര്‍ഡ് പാര്‍ട്ടി (TP) ഇന്‍ഷുറന്‍സ് പ്രീമിയം തുകകള്‍ വര്‍ദ്ധിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) ശുപാര്‍ശകളെത്തുടര്‍ന്ന്, മോട്ടോര്‍ തേര്‍ഡ് പാര്‍ട്ടി (TP) ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MORTH) പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഐആര്‍ഡിഎഐ ശരാശരി 18 ശതമാനം വര്‍ദ്ധനവ് നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും ചില വിഭാഗത്തിലുള്ള വാഹനങ്ങളില്‍ ഈ വര്‍ദ്ധനവ് 20 മുതല്‍ 25 ശതമാനം വരെയാകാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.






