ഒട്ടാവ: കാനഡയിൽ പൗരത്വ നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി കുടിയേറ്റ മന്ത്രി ലെന മെറ്റ്ലെജ് ഡയബ്. കാനഡയിൽ കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവരുടെ മക്കൾക്ക് വംശാവലി അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന നിയമനിർമ്മാണമാണ് അവതരിപ്പിച്ചത്.
ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നിരവധി കുടിയേറ്റക്കാർ ഈ ബില്ലിനെ സ്വാഗതം ചെയ്തു. വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ‘ഒന്നാം തലമുറ പരിധി’ ചേർക്കുന്നതിനായി 2009-ൽ പൗരത്വ നിയമം ഭേദഗതി ചെയ്തിരുന്നു. കഴിഞ്ഞ വർഷം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഒന്നാം തലമുറ പരിധി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു.



