ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ വിവിധ ഭാഗങ്ങളിൽ ഒരേസമയം ഭീകരാക്രമണങ്ങൾ നടന്നു. തലസ്ഥാനമായ ബമാകോ ഉൾപ്പെടെ മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാൽ, ഗാവ എന്നീ നഗരങ്ങളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയാണ് ആക്രമണങ്ങൾ ആരംഭിച്ചത്.
ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിനെയും നഗരത്തിലെ മറ്റ് ഭാഗങ്ങളെയും ലക്ഷ്യമിട്ട് വെടിവെപ്പും സ്‌ഫോടനങ്ങളും ഉണ്ടായതായി മാലി സായുധസേന അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം അജ്ഞാത ഭീകരസംഘങ്ങൾ ആക്രമണം നടത്തിയതായും അധികൃതർ വ്യക്തമാക്കി. സുരക്ഷാസേനയും ആക്രമികളുമിടയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.
ബമാകോയ്ക്ക് പുറത്തുള്ള പ്രധാന സൈനിക കേന്ദ്രമായ കാതി ബേസിനടുത്ത് ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായും തുടർന്ന് വെടിവെപ്പ് ഉണ്ടായതായും പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തെ തുടർന്ന് സുരക്ഷാ സേന പ്രധാന റോഡുകൾ അടച്ച് കർശന സുരക്ഷ ഏർപ്പെടുത്തി.
തലസ്ഥാനത്തിന് പുറമെ സേവാരെ, കിഡാൽ, ഗാവ എന്നിവിടങ്ങളിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ യാതൊരു സംഘവും ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും അൽഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.
2020, 2021 വർഷങ്ങളിലെ സൈനിക അട്ടിമറികൾക്ക് ശേഷം സൈനിക ഭരണകൂടമാണ് മാലിയിൽ അധികാരത്തിലുള്ളത്. രാജ്യത്തെ സുരക്ഷാ പ്രശ്നങ്ങൾ നേരിടാൻ സർക്കാർ റഷ്യൻ സൈനിക സഹായത്തെയാണ് ആശ്രയിക്കുന്നത്.




