കോയമ്പത്തൂർ: ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ. മൂന്ന് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് യുവതി പിടിയിലാവുന്നത്. ശനിയാഴ്ചയാണ് യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ – കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് മലയാളിയായ നവമി രതീഷ് ഇറങ്ങിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.മുൻകൂട്ടി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ആറ് ചിപ്സ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. യുവതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നവമിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.






