തൃശൂര്‍: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍, 11 വയസ്സുള്ള ആണ്‍കുട്ടി ഭരതനാട്യം വിദ്യാര്‍ത്ഥിയായി. കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ആണ്‍കുട്ടിക്ക് ഭരതനാട്യം കോഴ്‌സിന് പ്രവേശനം ലഭിക്കുന്നത്.
ഓസ്ട്രേലിയ പെര്‍ത്തില്‍ നിന്നെത്തിയ 11 വയസ്സുള്ള ഡാനിയേല്‍ എല്‍ദോയ്ക്കാണ്, കലാമണ്ഡലത്തില്‍ ഭരതനാട്യ കോഴ്സിന് പ്രവേശനം ലഭിച്ചത്. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി.എറണാകുളം ജില്ലയിലെ പിറവത്താണ് ഡാനിയേല്‍, ഓസ്ട്രേലിയയില്‍ ഒരു പരിപാടിക്കായി ഭരതനാട്യം കുറച്ചു നാള്‍ അഭ്യസിച്ചിരുന്നു, ആ പരിപാടിക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം ലഭിച്ചു. അടുത്തിടെ കേരള കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലി ലഭിച്ച പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകനായ ആര്‍എല്‍വി രാമകൃഷ്ണനാണ് ഡാനിയേലിനെ ഭരതനാട്യത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കുന്നത്.
‘കലാമണ്ഡലത്തില്‍ ഭരതനാട്യം വിഭാഗം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കലാരൂപങ്ങള്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പഠിക്കാന്‍ കഴിയുന്ന ഹ്രസ്വകാല കോഴ്സുകള്‍ നിലവിലുണ്ട്. അത്തരം കോഴ്സുകള്‍ പഠിക്കുമ്പോള്‍, മറ്റ് കോഴ്സുകളിലേതുപോലെ കലാമണ്ഡലം എന്നത് അവരുടെ പേരിന് ഒപ്പം ഉള്‍പ്പെടുത്താന്‍ കഴിയില്ല,’ രാമകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് കലാമണ്ഡലം അടിസ്ഥാനപരമായ മാറ്റം വരുത്തിയിരുന്നു. എല്ലാവരെയും എല്ലാ കോഴ്സുകളിലേക്കും പ്രവേശനം നല്‍കാന്‍ ആരംഭിച്ചത്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ പ്രധാന കോഴ്സുകളിലെ ചേരുന്നതിന് മുമ്പുണ്ടായിരുന്ന ലിംഗപരമായ വ്യത്യാസം അവസാനിപ്പിച്ചു . കലാമണ്ഡലത്തിന്റെ തുടക്ക വര്‍ഷങ്ങളില്‍ ഒഴികെ, സ്ത്രീകള്‍ മാത്രമേ ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള നൃത്തരൂപങ്ങള്‍ക്ക് ഗുരുക്കന്മാരായി ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍, ആര്‍എല്‍വി രാമകൃഷ്ണനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് പോലും പുതിയ ചുവടുവയ്പായിരുന്നു.






