പാലക്കാട്: അട്ടപ്പാടിയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഉപേക്ഷിച്ചത് പശ്ചിമബംഗാൾ സ്വദേശിയെന്ന് പൊലീസ് കണ്ടെത്തി. തോട്ടം തൊഴിലാളിയായ പ്രതി കൃത്യത്തിന് പിന്നാലെ പശ്ചിമബംഗാളിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു. ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിലെത്തിയത്.
അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ ഇന്നലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയവരാണ് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ആദ്യ ചാക്ക് തുറന്നുനോക്കിയപ്പോഴാണ് ശരീരഭാഗങ്ങളാണെന്ന് വ്യക്തമായത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ പ്രദേശത്ത് ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾക്ക് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മൃതശരീരങ്ങൾ ഉപേക്ഷിച്ച ചാക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് പൊലീസിന് നിർണായക സൂചന ലഭിച്ചത്. കോയമ്പത്തൂരിൽനിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിച്ച ചാക്കായിരുന്നു മൃതദേഹങ്ങൾ പൊതിയാൻ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പശ്ചിമബംഗാൾ സ്വദേശിയാണെന്ന് വ്യക്തമായത്.
കൃത്യത്തിന് ശേഷം പ്രതി പശ്ചിമബംഗാളിലേക്ക് കടന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




