മുംബൈ: പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിനെ ഓസ്ട്രേലിയക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽനിന്ന് ഒഴിവാക്കി. ആഭ്യന്തര ക്രിക്കറ്റിൽനിന്ന് താരത്തിന് രണ്ട് വർഷത്തെ വിലക്കും ബി.സി.സി.ഐ ഏർപ്പെടുത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന, മൾട്ടി-ഡേ പരമ്പരകൾക്കുള്ള ടീമിൽനിന്നാണ് രോഹിതിനെ ഒഴിവാക്കിയത്. പകരക്കാരായി ജൂനിയർ ക്രിക്കറ്റ് കമ്മിറ്റി സൗരാഷ്ട്രയുടെ ആര്യൻ സവ്സാനിയെയും ഹരിയാണയുടെ തന്മയ് ബലോദയെയും ടീമിൽ ഉൾപ്പെടുത്തി.
ജൂലൈയിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ അണ്ടർ-19 ടീമിലും രോഹിത് അംഗമായിരുന്നു. പര്യടനത്തിൽ ആറ് വിക്കറ്റുകൾ നേടിയ താരം ഇന്ത്യ ഫൈനൽ ടെസ്റ്റിൽ വിജയിച്ച മത്സരത്തിലും കളിച്ചിരുന്നു. തുടർന്ന് രാജ്കോട്ടിലും അഹമ്മദാബാദിലുമായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഹോം പരമ്പരയിലേക്കും രോഹിതിനെ തിരഞ്ഞെടുത്തു. എന്നാൽ ശ്രീലങ്കൻ പര്യടനത്തിനിടെ രേഖകൾ വിശദമായി പരിശോധിച്ചതോടെയാണ് താരത്തിന്റെ പ്രായവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം രോഹിതിന്റെ പേരിൽ വ്യത്യസ്ത ജനനവർഷങ്ങൾ രേഖപ്പെടുത്തിയ മൂന്ന് ജനന സർട്ടിഫിക്കറ്റുകളുണ്ട്. 2007, 2009, 2010 എന്നീ വർഷങ്ങളാണ് ഇവയിൽ ജനനവർഷമായി രേഖപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ ആധാർ രേഖകളിലും വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിൽ രജിസ്റ്റർ ചെയ്തപ്പോൾ 2007 ആയിരുന്നു ജനനവർഷമായി നൽകിയിരുന്നത്. എന്നാൽ പിന്നീട് ആധാർ രേഖയിലെ ജനനവർഷം 2017ലും 2020ലും 2006 ആയി മാറ്റുകയും, 2021ൽ വീണ്ടും 2009 ആയി പുതുക്കുകയും ചെയ്തതായി കണ്ടെത്തി. രേഖകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സി.എ.ബി നേരത്തെ തന്നെ രോഹിതിനെ ജൂനിയർ ടീമുകളിൽനിന്ന് മാറ്റിനിർത്തുകയും വിവരം ബി.സി.സി.ഐയെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയ വിവരം ബി.സി.സി.ഐ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെ അറിയിച്ചത്.
രോഹിതിന് പകരമായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ ആര്യൻ സവ്സാനിയെ ഏകദിന ടീമിലും ഹരിയാണ ക്രിക്കറ്റ് അസോസിയേഷന്റെ തന്മയ് ബലോദയെ മൾട്ടി-ഡേ ടീമിലും ഉൾപ്പെടുത്തി. ലക്ഷ്യ റായ്ചന്ദാനി നയിക്കുന്ന ഏകദിന ടീമിൽ ആര്യവീർ സെവാഗും അൻവേ ദ്രാവിഡും ഉൾപ്പെടുന്നു. യഷ്‌വർധൻ ചൗഹാനാണ് മൾട്ടി-ഡേ ടീമിന്റെ നായകൻ.
ജൂനിയർ ക്രിക്കറ്റിലെ പ്രായത്തട്ടിപ്പുകൾക്കെതിരെ സി.എ.ബി നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2026-27, 2027-28 സീസണുകളിലെ ടൂർണമെന്റുകളിൽനിന്ന് 62ഓളം താരങ്ങളെ അയോഗ്യരാക്കിയിട്ടുണ്ട്. 2022ലെ ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് കിരീടനേട്ടത്തിൽ പങ്കാളിയായ രവി കുമാറും ഫസ്റ്റ് ക്ലാസ് താരം വിശാൽ ഭട്ടിയും അയോഗ്യരാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. രവി കുമാറിന്റെ പ്രായരേഖകളിൽ 45 മാസത്തെ വ്യത്യാസവും സി.എ.ബി കണ്ടെത്തിയിരുന്നു. പ്രായപരിധി വിഭാഗങ്ങളിലെ യോഗ്യതാ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അസോസിയേഷൻ അധികൃതർ അറിയിച്ചു.













