തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെഎസ്ആർടിസിയിൽ ബസ് സ്പോൺസർഷിപ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ അവസരമൊരുക്കി. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കാനും കാലാവധി പൂർത്തിയായ ബസുകൾക്ക് പകരം പുതിയ വാഹനങ്ങൾ നിരത്തിലിറക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കെഎസ്ആർടിസിക്ക് ബസുകൾ സ്പോൺസർ ചെയ്യാം. പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങളും കെഎസ്ആർടിസി പുറത്തിറക്കി.
തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും ബസുകൾ നൽകാം. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എസി പ്രീമിയം ബസുകൾ, എസി സീറ്റർ, എസി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്പോൺസർമാർക്ക് വാഹനം നേരിട്ട് വാങ്ങി നൽകുകയോ അതിനുള്ള തുക കെഎസ്ആർടിസിക്ക് കൈമാറുകയോ ചെയ്യാം. പണം നൽകുന്ന സാഹചര്യത്തിൽ ടെൻഡർ നടപടികളിലൂടെ കെഎസ്ആർടിസി തന്നെ ബസ് വാങ്ങും.
സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകൾ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക. പിന്നീട് ഇവ കെഎസ്ആർടിസിയുടെ സ്ഥിരം ആസ്തിയായി മാറും. ബസിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം എന്നിവയിൽ പൂർണ അധികാരം കെഎസ്ആർടിസിക്കായിരിക്കും.
സ്പോൺസർമാർ നിർദേശിക്കുന്ന റൂട്ടുകൾ നിലവിലുള്ള സർവീസുകൾക്ക് പകരമാണെങ്കിൽ അതനുസരിച്ച് ക്രമീകരണം നടത്തും. പുതിയ സർവീസിനാണ് ആവശ്യമെങ്കിൽ ഇന്ധനച്ചെലവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ലഭ്യമാക്കിയാൽ മാത്രമേ സർവീസ് പരിഗണിക്കൂ.
ഇതിനായി കെഎസ്ആർടിസിയും തദ്ദേശ സ്ഥാപനങ്ങളും തമ്മിൽ പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാനും കഴിയും. എന്നാൽ സാമ്പത്തിക സാഹചര്യവും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് സർവീസിന്റെ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്താനുള്ള അധികാരം കെഎസ്ആർടിസിയിൽ തുടരും.













