ആലപ്പുഴ: പ്രമുഖ മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. ആലപ്പുഴ പൂന്തോപ്പ് തൈപ്പറമ്പ് വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ എഴുപതിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഔദ്യോഗിക ചടങ്ങുകളോടെ വീട്ടുവളപ്പിൽ നടക്കും.
1960ൽ ഉദയാ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെയാണ് ടി.എൻ. കൃഷ്ണൻകുട്ടി സ്വതന്ത്ര ഛായാഗ്രാഹകനായി സിനിമയിലെത്തിയത്. തുടർന്ന് സംവിധായകൻ ഹരിഹരന്റെ ആദ്യ ചിത്രമായ ‘ലേഡീസ് ഹോസ്റ്റൽ’ ഉൾപ്പെടെ നിരവധി ശ്രദ്ധേയ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു.
മമ്മൂട്ടിയുടെ ആദ്യകാല ചിത്രമായ ‘കടത്തുകാരൻ’ ക്യാമറയിൽ പകർത്തിയതും ടി.എൻ. കൃഷ്ണൻകുട്ടിയായിരുന്നു. തിക്കുറിശ്ശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ. ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ. നാരായണൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചു. 1985ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത ‘മടക്കയാത്ര’ യാണ് അവസാനമായി ഛായാഗ്രഹണം നിർവഹിച്ച ചിത്രം. പരേതയായ ലളിതമ്മയാണ് ഭാര്യ. ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ എന്നിവർ മക്കളാണ്.




