കൊച്ചി: മൂവാറ്റുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ എസ് ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികളുടെ രണ്ട്‍ സുഹൃത്തുക്കൾ കസ്റ്റഡിയില്‍. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഇ എം മുഹമ്മദിനെ അപായപ്പെടുത്താന്‍ ശ്രമിച്ചവരുടെ രണ്ട് സുഹൃത്തുക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
തൊടുപുഴയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികൾ തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. കദളിക്കാട് വെച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹന പരിശോധനയില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ച കാര്‍ യാത്രക്കാര്‍ എസ് ഐയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.






