മൈക്രോസോഫ്റ്റ് വീണ്ടും വലിയ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോർട്ട്. 18 മാസത്തിനുള്ളിൽ നാലാമത്തെ വലിയ കൂട്ടപിരിച്ചുവിടലാണ് ഇനി വരാനിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ എക്സ്ബോക്സ് ഡിവിഷനെയാണ് ബാധിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പിരിച്ചുവിടലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂൺ 30നകം പ്രതീക്ഷിക്കാമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.
കമ്പനിയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കമ്പനിക്കുള്ളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും വകുപ്പുകളിലുടനീളം ടീമുകളെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്ന സമയമാണിത്. എത്ര തൊഴിലാളികളെ ബാധിക്കുമെന്നുള്ള കൃത്യമായ കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും വലിയ ഒരു വിഭാഗത്തിന് തൊഴിൽ നഷ്ട്ടമാകുമെന്നാണ് റിപ്പോർട്ട്. വിൽപ്പന, മാർക്കറ്റിങ് വിഭാഗങ്ങളിലെ ജോലിക്കാരെയും ഈ പിരിച്ചുവിടൽ ബാധിക്കും.
മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് കൺസോളുകൾ, ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോകൾ, ഗെയിം പാസ് പോലുള്ള ഡിജിറ്റൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന എക്സ്ബോക്സ് വിഭാഗത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പിരിച്ചുവിടലുകൾ നടന്നിട്ടുണ്ട്. മേയ് പകുതിയോടെ കമ്പനി ആഗോളതലത്തിൽ 6,000ത്തിലധികം തസ്തികകൾ വെട്ടിക്കുറച്ചിരുന്നു. എ.ഐ (നിർമിത ബുദ്ധി) സാങ്കേതികവിദ്യയുടെ വർധിച്ച ഉപയോഗമാണ് ഈ തീരുമാനത്തിന്റെ പ്രധാന കാരണം.
Content: Microsoft is preparing for another mass layoff










