തെലങ്കാന: കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 30 കടന്നു. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഫാര്‍മ കമ്പനിയിലായിരുന്നു സ്‌ഫോടനം നടന്നത്.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാര്‍മ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്നലെ പതിമൂന്ന് പേരാണ് മരണപ്പെട്ടത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം.
വിവരം ലഭിച്ചയുടനെ 11 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഗ്‌നി രക്ഷാ സേനയും ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടരുകയായിരുന്നു. മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. 150 ഓളം തൊഴിലാളികള്‍ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിന് സമീപമാണ് ജോലി ചെയ്തിരുന്നത് എന്നുമാണ് ലഭിക്കുന്ന വിവരം.






