കൊച്ചി: രാജ്യത്ത് മികച്ച തൊഴില്‍ അന്തരീക്ഷമുള്ള കമ്പനികളുടെ പട്ടികയില്‍ ആര്‍പിജി ഗ്രൂപ്പിന്റെ ഹാരിസണ്‍ മലയാളം ലിമിറ്റഡ് (എച്ച്എംഎല്‍) ഇടം നേടി. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് തയ്യാറാക്കിയ പട്ടികയില്‍ 21-ാം സ്ഥാനമാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷമിത് 34-ാം സ്ഥാനമായിരുന്നു. മികച്ച തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതില്‍ വലിയ മുന്നേറ്റമാണ് കമ്പനി നടപ്പാക്കിയത്.
വനിതകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കിയതിനുള്ള അംഗീകാരവും എച്ച്എംഎല്ലിന് ലഭിച്ചിരുന്നു. 2014 മുതല്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കിന്റെ ടോപ്പ് 25 പട്ടികയില്‍ തുടര്‍ച്ചയായി ഇടം നേടുന്ന കേരളം ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ്.
ഈ നേട്ടം കരസ്ഥമാക്കുന്ന തോട്ടം മേഖലയില്‍ നിന്നുള്ള ഏക കമ്പനിയും ഹാരിസണ്‍ മലയാളം ലിമിറ്റഡാണ് ആര്‍പിജി ഗ്രൂപ്പും എച്ച്എംഎല്ലും തൊഴിലാളികളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായി ചെയ്തു വരുന്ന കാര്യങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് എച്ച്എംഎല്‍ ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ചെറിയാന്‍ എം ജോര്‍ജ്ജ് പറഞ്ഞു. ഒരു വര്‍ഷത്തില്‍ രണ്ട് തവണ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കിന്റെ അംഗീകാരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.




