ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രമേഖലയിൽ പാകിസ്ഥാൻ യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനാ കപ്പലിൽ ഇടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാകിസ്ഥാന്റെ പിഎൻഎസ് ഹുനൈൻ ആണ് ഇന്ത്യൻ കപ്പലുമായി കൂട്ടിയിടിച്ചത്. ഇന്ത്യൻ കപ്പലിൽ നിന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് അവഗണിച്ച് പി.എൻ.എസ് ഹുനൈൻ ഉയർന്ന വേഗത്തിൽ ഇന്ത്യൻ കപ്പലിന് സമീപത്തേക്ക് എത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
ഗൾഫ് ഓഫ് ഒമാൻ മേഖലയിൽ കപ്പലുകൾക്ക് സുരക്ഷാ അകമ്പടി നൽകുന്ന നാവിക വിന്യാസത്തിന്റെ ഭാഗമായിരുന്നു ഇന്ത്യൻ കപ്പൽ. ഒമാൻ തീരത്തുനിന്ന് ഏകദേശം 120 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. കൂട്ടിയിടിയിൽ പിഎൻഎസ് ഹുനൈന്റെ മുൻഭാഗത്തിന് വലിയ കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.


