തിരുവനന്തപുരം: ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. 2027 ഓഗസ്റ്റ് 2-ന് യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. ഏകദേശം 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ആണിത്.
ഈ സൂര്യഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1991-നും 2114-നും ഇടയിൽ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണമായിരിക്കും ഇത്. ഈ സമയത്ത്, ലോകത്തിന്‍റെ വലിയൊരു ഭാഗത്ത് സൂര്യൻ കാഴ്ചയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകും. ഏകദേശം ആറ് മിനിറ്റ് ഭൂമി ഇരുട്ടിൽ മുങ്ങും.
2027 ഓഗസ്റ്റ് -2ന് വരാനിരിക്കുന്ന സൂര്യഗ്രഹണം വിശാലവും ദൈര്‍ഘ്യമേറിയതുമായതിനാല്‍ വിവിധ ഭൂഖണ്ഡങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾ, ആകാശ നിരീക്ഷകർ, ശാസ്ത്രജ്ഞർ, ഫോട്ടോഗ്രാഫർമാർ എന്നിവർക്ക് ഈ വിസ്മയകരമായ ആകാശ പ്രതിഭാസം ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമായിരിക്കും.






