കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടികൾ എല്ലാ അർത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം മക്കളാണെന്ന് കേരള ഹൈക്കോടതി. സർക്കാർ രേഖകളിൽ ദത്തുപുത്രൻ, ദത്തുപുത്രി എന്നീ വിശേഷണങ്ങൾ ഒഴിവാക്കി മകൻ അല്ലെങ്കിൽ മകൾ എന്ന് മാത്രം രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ ഇതിനായുള്ള പ്രത്യേക ഓപ്ഷൻ ഉടൻ നീക്കം ചെയ്യണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
ദത്തെടുക്കൽ പൂർത്തിയാകുന്നതോടെ കുട്ടി പുതിയ കുടുംബത്തിലെ പൂർണ അംഗമായി മാറുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ദത്തെടുത്ത കുട്ടികളെ മാതാപിതാക്കൾ സ്വന്തം മക്കളായാണ് കാണുന്നത്. ദത്തുപുത്രനെന്നോ ദത്തുപുത്രിയെന്നോ വേർതിരിച്ച് വിളിക്കാറില്ല. ജനനത്തിലൂടെയോ ദത്തെടുക്കലിലൂടെയോ കുടുംബബന്ധം രൂപപ്പെടാമെങ്കിലും മകൻ, മകൾ എന്നീ വിശേഷണങ്ങളിൽ വ്യത്യാസം വരുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഒരു മാസം പ്രായമുള്ളപ്പോൾ ദത്തെടുക്കപ്പെട്ട യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 2023ൽ അമ്മ മരിച്ചപ്പോൾ ലഭിച്ച അനന്തരാവകാശ സർട്ടിഫിക്കറ്റിൽ യുവതിയെ ‘മകൾ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഒരു വർഷത്തിനുശേഷം പിതാവ് മരിച്ചപ്പോൾ ലഭിച്ച അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ‘ദത്തുപുത്രി’ എന്നാണ് രേഖപ്പെടുത്തിയത്. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി നേരത്തെ നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കി. ‘ദത്തുപുത്രി’ എന്ന വിശേഷണത്തിന് പകരം ‘മകൾ’ എന്ന് രേഖപ്പെടുത്തി പുതിയ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകാൻ ബന്ധപ്പെട്ട തഹസിൽദാർക്ക് നിർദേശം നൽകി.
1956ലെ ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് ആക്ടിലെ സെക്ഷൻ 12, 2015ലെ ബാലനീതി നിയമം എന്നിവ പ്രകാരം നിയമാനുസൃതമായ ദത്തെടുക്കൽ പൂർത്തിയാകുന്നതോടെ കുട്ടിക്ക് ജന്മംകൊണ്ട കുട്ടികൾക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളും ലഭിക്കും. ദത്തെടുക്കൽ തീയതി മുതൽ ജന്മകുടുംബവുമായുള്ള നിയമപരമായ ബന്ധങ്ങൾ അവസാനിക്കുകയും ദത്തെടുത്ത കുടുംബത്തിലെ അംഗമായി കുട്ടി മാറുകയും ചെയ്യും.


