തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റ ഭാര്യാ സഹോദരന് എസ്ആര്‍ വിനയകുമാര്‍. കേടിയേരിയെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ വിവരം പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്ന് വിനയകുമാര്‍ ആരോപിച്ചു. ‘മരണം വരെ കോടിയേരി താന്‍ സ്ഥാനത്തു നിന്ന് നീക്കപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. താന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയാണെന്ന് വിശ്വസിച്ചാണ് ആ പാവം മരിച്ചത്,’ വിനയകുമാര്‍ വെളിപ്പെടുത്തി.
ഇന്നലെയാണ് സിപിഎം വിടുകയാണെന്ന് വിനയകുമാർ പ്രഖ്യാപിച്ചത്. കോടിയേരിയോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ നിര്‍ദേശപ്രകാരമാണ് എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയായി നിയമിച്ചതെന്ന പാര്‍ട്ടി വാദവും അദ്ദേഹം തള്ളി. രോഗിയായ നേതാവിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
‘കോടിയേരി ഒന്നും അറിഞ്ഞിരുന്നില്ല. അവസാന നിമിഷത്തിലും താന്‍ പാര്‍ട്ടി സെക്രട്ടറിയാണെന്നാണ് അദ്ദേഹം കരുതിയിരുന്നത്. ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എംവി ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന ദിവസം പിണറായിയും യെച്ചൂരിയും എംഎം ബേബിയും വീട്ടില്‍ വന്നിരുന്നു. എന്തിനാണ് അവര്‍ വന്നതെന്ന് കോടിയേരി ചോദിച്ചു. എന്നാല്‍ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചിരുന്നില്ല,’ വിനയകുമാര്‍ പറഞ്ഞു.


