ശബരിമല വിമാനത്താവളത്തിൻ്റെ വിശദ പദ്ധതി രേഖ (ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ട് – ഡിപിആർ) കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. കൺസൾട്ടിങ് ഏജൻസിയായ സ്റ്റുപ് ഈ മാസം ആദ്യം കെഎസ്‌ഐഡിസിക്ക് കൈമാറിയ ഡിപിആർ ആണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിൻ്റെ നിർമ്മാണത്തിന് 7047 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നതായി ഡിപിആറിൽ പറയുന്നു. എല്ലാത്തരം വിമാനങ്ങൾക്കും ഇറങ്ങാൻ കഴിയുന്ന തരത്തിലാണ് വിമാനത്താവളത്തിൻ്റെ രൂപകല്പന. നേരത്തെ തന്നെ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ ക്ലിയറൻസ് ലഭിച്ചിരുന്നു.
അതുകൊണ്ട് തന്നെ വിശദ പദ്ധതി രേഖയ്ക്കും അംഗീകാരത്തിനും തടസമുണ്ടായേക്കില്ല. പദ്ധതിയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. വർഷം ഏഴ് ലക്ഷം തീർത്ഥാടകരെയാണ് ശബരിമല വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. പ്രവാസികൾക്കും തീർത്ഥാടകർക്കും വിമാനത്താവണം ഏറെ പ്രയോജനകരമാവുമെന്ന് ഡിപിആറിൽ പറയുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലക്കാർക്ക് വിമാനത്താവളം ഏറെ ഗുണം ചെയ്യും.






