തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ കഴിവും പ്രവർത്തന മികവും ഉള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ജാതി സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട മാനദണ്ഡം പാരമ്പര്യവും പ്രവർത്തന പരിചയവും കഴിവുമാകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. ജാതി പരിഗണനകൾ അവസാനിച്ചാൽ മാത്രമേ പാർട്ടി നേതൃത്വം കൂടുതൽ ശക്തമാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹിയിലെ നിലവിലെ സാഹചര്യം കാരണം ചർച്ചകൾ നടക്കാത്തതായും അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യം രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ചിരുന്നു.
അതേസമയം, ഇവിഎം ഹാക്കിങ് ആരോപണത്തിലും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ അത് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം പാർട്ടിക്കുള്ളിൽ മാത്രം ചർച്ച ചെയ്ത് പരിഹരിക്കേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിഎം ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു. ആരോപണങ്ങൾ ഉന്നയിച്ചവർ പരാതി നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണങ്ങൾ തെളിഞ്ഞാൽ ഏത് ഉയർന്ന സ്ഥാനത്തുള്ള വ്യക്തിയാണെങ്കിലും നിയമനടപടി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.











