ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി ശ്മശാനത്തില്‍ മറവുചെയ്ത് ഭര്‍ത്താവ്. അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇയാളുടെ പദ്ധതി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊളിഞ്ഞു. ഇയാളെയും രണ്ട് കൂട്ടാളികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയും പെയിന്റ് പണിക്കാരനുമായ ഷബാബ് അലി (47) ആണ് അവിഹിതബന്ധം സംശയിച്ച് ഭാര്യ ഫാത്തിമ(30)യെ കൊലപ്പെടുത്തിയത്. മെഹ്റോളിയില് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. കൊലപാതകം നടത്താനും മൃതദേഹം മറവുചെയ്യാനും പോലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടാനും പ്രതി കൃത്യമായ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് സൗത്ത് ഡിസിപി അങ്കിത് ചൗഹാന് പറഞ്ഞു.
പോലീസ് നല്കുന്ന വിവരങ്ങള്‍ അനുസരിച്ച്; പ്രതി ഷബാബ് അലി അഞ്ച് ദിവസം ഭാര്യയെ കീടനാശിനി കുടിപ്പിക്കുകയും മയക്കുമരുന്ന് കലര്‍ന്ന ഗുളികകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന്, തന്റെ കൂട്ടാളികളായ ഷാരൂഖ് ഖാന്റെയും തന്‍വീറിന്റെയും മറ്റൊരാളുടെയും സഹായത്തോടെ മൃതദേഹം കാറില്‍ കയറ്റി മെഹ്റോളിയിലെ ഒരു ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ഫാത്തിമയുടെ മൃതദേഹം ശ്മശാനത്തില്‍ കുഴിച്ചിടുകയും അവളുടെ വസ്ത്രങ്ങള്‍ ഒരു കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തു.
കൃത്യം നടത്തിയതിന് പിന്നാലെ, ഷബാബ് തന്റെ നാടായ അംറോഹയിലേക്ക് മടങ്ങിപ്പോയി. താന്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അയാള്‍ക്കൊപ്പം പോവുകയാണെന്നും ഫാത്തിമയുടെ ഫോണില്‍ നിന്ന് ഷബാബ് സ്വന്തം നമ്പറിലേക്ക് ഒരു സന്ദേശം അയയ്ക്കുകയും ചെയ്തു.
ഓഗസ്റ്റ് 10-ന് ഫാത്തിമയുടെ ഒരു സുഹൃത്ത്, അവരെ കാണാനില്ല എന്ന് കാണിച്ച് മെഹ്റോളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫാത്തിമയെ ആരോ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരിക്കുകയാണ് എന്നായിരുന്നു പരാതിക്കാരിയുടെ സംശയം. കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ക്രൂരമായ കൊലപാതകത്തിന്റെ കുരുക്കഴിച്ചത്.
സിസിടിവി ദൃശ്യങ്ങളില്‍ ഫാത്തിമയെ ഭര്‍ത്താവിനും കൂട്ടാളികള്‍ക്കുമൊപ്പമാണ് കാണാന്‍ കഴിഞ്ഞത്. ദൃശ്യങ്ങളില്‍ അവള് അബോധാവസ്ഥയിലായിരുന്നു. പിന്നാലെ, പോലീസ് ഷബാബിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തു. പ്രതി ആദ്യം കുറ്റം നിഷേധിക്കുകയും പിന്നീട് അന്വേഷണം വഴിതെറ്റിക്കാന്‍ മൃതദേഹം കനാലില്‍ എറിഞ്ഞു എന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിച്ചു.
ഫാത്തിമയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും അതിനാലാണ് താന്‍ അവളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നുമാണ് ഷബാബ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പ്രതിയുടെ മൊഴിപ്രകാരം; ആദ്യം അയാള്‍ ഫാത്തിമയ്ക്ക് ചില ഗുളികകള്‍ നല്കി ബോധംകെടുത്തി. പിന്നീട്, ഇയാള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഫത്തേപ്പൂര്‍ ബേരിയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ജൂലൈ 31 വരെ ഫാത്തിമയെ അവിടെ പാര്‍പ്പിച്ചു.
ഈ സമയത്താണ് ഷബാബ് ഫാത്തിമയ്ക്ക് കീടനാശിനി നല്‍കിയത്. ഓഗസ്റ്റ് ഒന്നിന് ഫാത്തിമ മരിച്ചു. അടുത്ത രാത്രി, ഷബാബും കൂട്ടാളികളും ചേര്‍ന്ന് ഫാത്തിമയുടെ മൃതദേഹം കാറില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അവിടെ, ഷാരൂഖിന്റെയും തന്‍വീറിന്റെയും സഹായത്തോടെ അവളുടെ മൃതദേഹം കുഴിച്ചിട്ടു.
ഭര്‍ത്താവിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍, ഫാത്തിമയുടെ മൃതദേഹം ഓഗസ്റ്റ് 15-ന് സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ (എസ്ഡിഎം) സാന്നിധ്യത്തില്‍ പോലീസ് പുറത്തെടുത്തു. മരണം നടന്ന് ഏകദേശം 11 ദിവസത്തിന് ശേഷമായിരുന്നു ഇത്. ഷബാബ്, ഷാരൂഖ്, തന്‍വീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്. മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്.






