സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വയോജനങ്ങളെ ചേർത്തുപിടിക്കണം, സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ചിരിക്കുകയാണ്: ഡോ. ആർ ബിന്ദു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച വലിയൊരു സ്വപ്നം യാഥാർത്ഥ്യമാകുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും, വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും, അവരുടെ കഴിവുകളും പരിചയസമ്പത്തും പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നതിനും, അവകാശസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി കേരളം സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ചിരിക്കുകയാണെന്നും ഡോ. ആർ ബിന്ദു പറഞ്ഞു. രാജ്യത്താദ്യമായാണ് വയോജനങ്ങൾക്കായി ഇങ്ങനെയൊരു കമ്മീഷൻ.

പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായി കമ്മീഷൻ രൂപീകരിക്കാൻ കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു. അങ്ങനെ നിലവിൽ വന്ന കേരളം സംസ്ഥാന വയോജന കമ്മീഷൻ ആക്ടിലെ (2025) മൂന്നാം വകുപ്പ് ഒന്നാം ഉപവകുപ്പു പ്രകാരമാണ് കമ്മീഷന് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ഏല്പിച്ചുകൊടുത്ത ചുമതലകൾ നിർവ്വഹിക്കുന്നതിനും ഒരു ചെയർ പേഴ്‌സണെയും നാല് അംഗങ്ങളെയും നിയമിച്ചുകൊണ്ട് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത് എന്നും ആർ ബിന്ദു വ്യക്തമാക്കി.

നീറുന്ന സമകാലിക സാമൂഹ്യപ്രശ്നങ്ങളിലൊന്നാണ് വയോജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ. നിരന്തരം ആരോഗ്യത്തിന്റെ തകർച്ചയുടെ നിഴലിലുള്ളവരും ജീവിതശൈലീ രോഗങ്ങളടക്കമുള്ള വ്യാധികൾ വേട്ടയാടുന്നവരുമാണ് നമ്മുടെ വയോജനത. പല നിലയ്ക്കും ദുരിതമയമായ ശോചനീയാവസ്ഥയാണ് ജീവിതസായന്തന കാലത്ത് വയോജനതയ്ക്കുള്ളത്. അവർക്ക് നൽകേണ്ട സാമൂഹികപരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യൽ ഈ സർക്കാരിന്റെ ഏറ്റവുമാദ്യത്തെ പരിഗണനകളിൽ ഒന്നായിരുന്നു. അതിനാവശ്യമായ കാലോചിതമായ നയങ്ങളും സംവിധാനങ്ങളും രൂപപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് സാമൂഹ്യനീതി വകുപ്പിന്റെ ചുമതലക്കാരിയെന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങിയതെന്നും ബിന്ദു പറഞ്ഞു.

സർക്കാർ പിന്തുണ മേഖലകളിലെല്ലാം, പ്രായമായവർക്ക് താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതും, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം (എം.ഡബ്ല്യു.പി.എസ്.സി. ആക്ട്) കാര്യക്ഷമമായി നടപ്പാക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ, മുതിർന്ന പൗരന്മാരുടെ സങ്കടങ്ങൾ ലഘൂകരിക്കാൻ സർക്കാരും സംവിധാനങ്ങളും ഫലപ്രദമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ജനസംഖ്യാ വളർച്ചാനിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2026 ആവുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്ത്, വാർദ്ധക്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലെ ചില മുൻവിധികൾ കൂടി സൂക്ഷ്മമായി പരിശോധിക്കുകയും മറികടക്കാൻ ശ്രമിക്കുകയും ചെയ്യാൻ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചതിന്റെ പ്രധാന ഫലങ്ങളിൽ ഒന്നായാണ് വയോജന കമ്മീഷൻ നിയമം കൊണ്ടുവന്നതും ഇങ്ങനെയൊരു കമ്മീഷന്റെ രൂപീകരണത്തിലേക്ക് വഴിതുറന്നതും.

വാർദ്ധക്യത്തെ ജീവിതത്തിന്റെ സായന്തനമായും അവശതകളുടെ കാലമായി മാത്രം കാണുമ്പോൾ, അറിവിന്റെയും അനുഭവത്തിന്റെയും അപാരമായ കലവറയെ നമ്മൾ മറക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. പ്രയോജനപ്പെടുത്താൻ കാത്തിരിക്കുന്ന വൈദഗ്ധ്യത്തിന്റെ വിശാലമായ ശേഖരത്തെ ഇനി നമുക്ക് നഷ്‌ടമാക്കിക്കൂടാ. അതിനു വേണ്ടികൂടിയാണ് വയോജന കമ്മീഷൻ നിയമത്തിനും വയോജന കമ്മീഷനും നാം രൂപം നൽകിയിരിക്കുന്നത്. പഴയ തലമുറയും യുവാക്കളും തമ്മിൽ നിലനിൽക്കുന്ന വിടവ് നികത്തി തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, അതിനായുള്ള നേതൃപദവിയിലേക്ക് വയോജനതയെ ശാക്തീകരിക്കാനുമാണ് വയോജന കമ്മീഷൻ നിലവിൽ വരുന്നത്.

ലോകതലത്തിൽ, വയോജനങ്ങൾക്കായി നടക്കുന്ന സംരംഭങ്ങൾക്കു സമാനമായ കാൽവെപ്പായാണ് ഈ കമ്മീഷൻ നിലവിൽ വരുന്നത്. വികസിതരാഷ്ട്രങ്ങളിൽ മുൻഗണനയോടെ നടപ്പാക്കുന്ന വയോജനമേഖലയിലെ പ്രവർത്തനങ്ങളെ, നമ്മുടേതുപോലുള്ളൊരു മൂന്നാം ലോക അവസ്ഥയിൽ നിൽക്കുമ്പോൾ തന്നെ അഭിസംബോധന ചെയ്യാനുള്ള, കാലത്തിനു മുന്നേ പറക്കുന്ന ദൂരക്കാഴ്ചയോടെ, അഭിമാനപൂർവ്വം ഈ കമ്മീഷനെ ഞങ്ങൾ അവതരിപ്പിക്കുകയാണ്.

മുൻ രാജ്യസഭാംഗവും, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലടക്കം പല മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച സാമൂഹ്യ പ്രവർത്തകനുമായ, കെ സോമപ്രസാദ് ആണ് കമ്മീഷന്റെ ചെയർപേഴ്‌സണായി പ്രവർത്തിക്കുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ നേതൃസ്വരമായി കാൽ നൂറ്റാണ്ടോളമായി പ്രവർത്തിച്ചു പോരുന്ന, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയായ, അമരവിള രാമകൃഷ്ണനാണ് ഒരു കമ്മീഷൻ അംഗം. വനിതാ കമ്മീഷൻ അംഗമെന്ന നിലയിലും സാമൂഹ്യപ്രവർത്തകയെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകൾക്കുടമയായ ഇ എം രാധ കമ്മീഷനിൽ അംഗമായിരിക്കും.

ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി) ആണ് മറ്റൊരു അംഗം. പട്ടികവർഗ്ഗ വികസന വകുപ്പിൽ ഡെപ്യൂട്ടി ഡയറക്‌ടറായി വിരമിച്ചതാണ് കെ എൻ കെ. സർവ്വാദരണീയനായ മുൻ കോളേജ് അധ്യാപകനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് – എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗം തുടങ്ങി നിരവധി നിലകളിൽ മികച്ച പൊതുപ്രവർത്തന പാരമ്പര്യമുള്ള പ്രൊഫ. ലോപസ് മാത്യുവാണ് കമ്മീഷനിലെ മറ്റൊരു അംഗം. കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവര്‍ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്നു വർഷം വരെ ആയിരിക്കും.

ചെയര്‍പേഴ്സണ് ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും. സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ സെക്രട്ടറിയായി നിയമിക്കും. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കും.

സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളിലേക്ക് വയോജനങ്ങളെ ശാക്തീകരിക്കാൻ ഏറ്റവും കെൽപ്പും അനുഭവസമ്പത്തുമുള്ളവരാണ് കമ്മീഷൻ അംഗങ്ങളെന്നും രാജ്യത്തെയാകെ വയോജനങ്ങളെ എടുത്താൽ വളരെ പ്രധാനപ്പെട്ട ഒരു പുരോഗമന നടപടിയാണ് ഇത്. ഇന്നല്ലെങ്കിൽ നാളെ മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കുമെന്ന് ഉറപ്പാണെന്നും ഡോ. ബിന്ദു കൂട്ടിച്ചേർത്തു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.