സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വാരിക്കൂട്ടിയ സ്വന്തം ഡയലോഗിന്റെ ഗാനം പാടി സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്. മാധവ് സുരേഷ് നായകനായ കുമ്മാട്ടിക്കളി എന്ന സിനിമയിലെ ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് വിധേയമായിരുന്നു. ‘എന്തിനാടാ കൊന്നിട്ട്… നമ്മൾ അനാഥരാണ്, ഗുണ്ടകളല്ല’ എന്ന മാധവിന്റെ ഡയലോഗാണ് വലിയ രീതിയിൽ ട്രോളായത്. ഒടുവിൽ ഈ ഡയലോഗ് ഗാനമായും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി.
ഈ ഗാനം പാടി, അതിനൊപ്പം നൃത്തം ചെയ്യുന്ന മാധവ് സുരേഷിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് മാധവ് സുരേഷ് ഗാനത്തിന് ചുവടുവയ്ക്കുന്നത്. ഡാൻസിനിടെ അച്ഛന്റെ ഐക്കോണിക് സ്റ്റെപ്പും മാധവ് ഇടുന്നുണ്ട്. ‘എന്നെ ട്രോളാൻ ഞാൻ തന്നെ മതി’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തനിക്കെതിരെ വന്ന ട്രോളുകൾ പോസിറ്റീവ് ആയി എടുത്ത മാധവിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. മാധവ് സുരേഷിന്റെ ഡയലോഗ് പാട്ട് രൂപത്തിലാക്കിയ കാർത്തിക് ശങ്കറും വിഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. ‘ഞാൻ ധന്യനായി’ എന്നാണ് കാർത്തിക്കിന്റെ കമന്റ്.




