മിൽമ പാലിന് വില വർധിക്കുമെന്ന് റിപ്പോർട്ട്. ലിറ്ററിന് നാലു രൂപ മുതൽ അഞ്ചുരൂപ വരെ വർധിക്കുമെന്നാണ് സൂചന. നിലവിൽ ക്ഷീര കർഷകർക്ക് ഒരുലിറ്റർ പാലിന് ലഭിക്കുന്നത് 45 രൂപ മുതൽ 49 രൂപ വരെയാണ്. ടോൺഡ് മിൽക്കിന്റെ വിപണി വില ലിറ്ററിന് 52 രൂപയാണ്. ഉത്പാദനച്ചെലവ് വർധിച്ചതോടെ പാലിന് വില കൂട്ടണമെന്ന് കർഷകർ നാളുകളായി ആവശ്യപ്പെട്ടിരുന്നു.
ഈ മാസം പതിനഞ്ചിന് തിരുവനന്തപുരത്ത് ചേരുന്ന മിൽമ ഫെഡറേഷൻ യോഗത്തിൽ പാൽ വിലവർധന സംബന്ധിച്ച തീരുമാനമുണ്ടാകും എന്നാണ് റിപ്പോർട്ട്. ഉത്പാദനച്ചെലവ് കൂടിയതിന് ആനുപാതികമായി വിലവർധന വേണമെന്ന് മിൽമ സർക്കാരിനെ അറിയിച്ചിരുന്നു. 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മിൽമ പാലിന് വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപ കൂട്ടിയിരുന്നു.






