ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ട്മെന്റിൽ ഒളിച്ചിരുന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്തത് പതിമൂന്ന് കാരൻ .ഞായറാഴ്ചയാണ് സംഭവം നടന്നത്.കാം എയർലൈൻസ് നടത്തിയ ആർ ക്യു 4401 എന്ന വിമാനത്തിലാണ് യാത്ര ചെയ്തത്. കാബൂളിൽ നിന്ന് ഏകദേശം രണ്ടു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ വിമാനം ഡെൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയപ്പോൾ, വിമാനത്തിന് ചുറ്റും അലഞ്ഞുതിരിഞ്ഞ കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.
കുന്ദൂസ് സ്വദേശിയായ 13 കാരൻ, കാബൂൾ വിമാനത്താവളത്തിനുള്ളിലേക്ക് ഒളിച്ചുകയറി റിയർ സെൻട്രൽ ലാൻഡിങ് ഗിയർ കമ്പാർട്ട്മെന്റിൽ കയറിയെന്നാണ് റിപ്പോർട്ട്. വിമാനം ടേക്ക് ഓഫ് ചെയ്തതോടെ പുറത്തേക്ക് വരാൻ സാധിക്കാതെ യാത്ര തുടരുകയായിരുന്നു.സംഭവം സുരക്ഷാ ഏജൻസികൾ ഗൗരവമായി വിലയിരുത്തിയിട്ടുണ്ട്. തുടർന്ന്, കുട്ടിയെ അതേ വിമാനത്തിലിട്ട് തിരിച്ചയച്ചതായി ഉന്നതവൃത്തങ്ങൾ അറിയിച്ചു.




