മലപ്പുറം: മഞ്ചേരിയില്‍ വില്പനക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി പാലക്കാട് സ്വദേശി പൊറ്റയില്‍ വീട്ടില്‍ മലയന്‍ ഷാഹുല്‍ ഹമീദ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി കാണപറമ്പത്ത് വീട്ടില്‍ സജ്മീര്‍ എന്നിവരാണ് പിടിയിലായത്. മഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എം.കെ. നവീന്‍ ഷാജിന്റെ നേതൃത്വത്തില്‍ മഞ്ചേരി പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി കാരാപറമ്പ് പൂക്കൊളത്തൂര്‍ റോഡില്‍ നിരന്നപറമ്പില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
മഞ്ചേരി, അരീക്കോട്, കാരാപറമ്പ്, പൂക്കൊളത്തൂര്‍, തൃപ്പനച്ചി മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണെന്നും പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ രണ്ട് ലക്ഷം രൂപ വില വരുമെന്നും പൊലീസ് പറഞ്ഞു. ലഹരി വില്പനയില്നിന്ന് ലഭിച്ച അരലക്ഷത്തോളം രൂപയും ഗ്ലാസ് ഫ്യുമുകളും, സിറിഞ്ചുകളും, വില്പനക്ക് എംഡിഎംഎ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളും ലഹരി കടത്താന്‍ ഉപയോഗിച്ച ആഡംബരക്കാറും പോലീസ് കണ്ടെത്തി.






