തൃശ്ശൂര്‍: സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ വനരക്ഷ എന്ന പേരിലാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. ലാന്‍ഡ് എന്‍ഒസി, മരം മുറി അനുമതി തുടങ്ങിയ ഫയലുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്രമക്കേട് നടക്കുന്നുവെന്നു വിജിലന്‍സിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ആദിവാസി മേഖലയിലെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട ഫയലുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
മലപ്പുറത്തെ വനം വകുപ്പ് ഓഫീസുകളിളും തൃശ്ശൂര്‍ ജില്ലയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലും വിജിലന്‍സ് പരിശോധനയ്ക്കായെത്തി. മലപ്പുറത്ത് നിലമ്പൂര്‍, എടവണ്ണ, വഴിക്കടവ്, എന്നീ ഓഫീസുകളിലാണ് ഓപ്പറേഷന്‍ വനരക്ഷയുടെ ഭാഗമായി പരിശോധന നടക്കുന്നത്. സോളാര്‍ ഫെന്‍സിങ്, ജണ്ട നിര്‍മാണം എന്നിവയുടെ രേഖകള്‍ പരിശോധിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ 7 ഇടങ്ങളിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. തുടര്‍ച്ചയായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പാലപ്പിളളി, വെള്ളിക്കുളങ്ങര, വടക്കാഞ്ചേരി, ചെട്ടിക്കുളം, അതിരപ്പിള്ളി, ചാര്‍പ്പ, പരിയാരം എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്. സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് ജില്ലയിലും പരിശോധന. രാവിലെ പത്തരയ്ക്കാണ് ആരംഭിച്ചത്. 7 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്.




