തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു സന്ദര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേരളം സന്ദര്‍ശിക്കുന്ന പലസ്തീന്‍ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീന്‍ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ചുവെന്നും മുഖ്യമന്ത്രി കുറിച്ചു.
കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചുപോരുന്നത്. . ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുവാനും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് അണിനിരക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




