കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് നേരെ പൊലീസ് നടത്തിയ മർദനത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം. ഇന്നലെ രാത്രിയിലും ഒട്ടേറെയിടങ്ങളിൽ പ്രതിഷേധം നടന്ന സാഹചര്യത്തിൽ, ഇന്ന് വൈകിട്ട് 3 മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. കെ.സി വേണുഗോപാൽ എംപി സമര സംഗമം ഉദ്ഘാടനം ചെയ്യും.
പാലക്കാട് മുതൽ തിരുവനന്തപുരം വരെ, വിവിധ ജില്ലകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷമുണ്ടായി. കൊല്ലത്ത്, ചവറയിൽ പൊലീസ് സ്റ്റേഷൻ, റോഡ് എന്നിവ ഉപരോധിച്ച പ്രവർത്തകരെബലം പ്രയോഗിച്ചാണ് നീക്കിയത്.
ആലപ്പുഴയിൽ, കളർകോട് ജംഗ്ഷനിൽ പ്രവർത്തകർ ദേശീയപാത ഉപരോധിച്ച് വാഹനഗതാഗതം തടഞ്ഞതോടെ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. എറണാകുളത്ത്, HMT ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
തൃശൂർ, തൊടുപുഴ, പെരുമ്പാവൂർ, വയനാട്, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു. പേരാമ്പ്രയിൽ ഇന്നലെ യുഡിഎഫ് – എൽഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോൾ പൊലീസ് നടത്തിയ ലാത്തിച്ചാർജിലാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത് . മൂക്കിന്റെ രണ്ട് ഭാഗങ്ങളിലാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് എംപിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ എസ് യു മുൻ അധ്യക്ഷൻ കെ.എം. അഭിജിത്ത് എന്നിവരുള്‍പ്പെടെ പത്തു പ്രവർത്തകർക്കും പരിക്കേറ്റു.






