ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക നിരോധനത്തിന് ഇളവ് വരുത്തി സുപ്രീംകോടതി. ദീപാവലി ദിവസവും അതിനുമുന്‍പും ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന അനുമതിയാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. ഈ മാസം 18 നും 21നും ഇടയില്‍ ഹരിത പടക്കങ്ങള്‍ പൊട്ടിക്കാന്‍ ആണ് അനുമതി. പടക്കങ്ങള്‍ പൊട്ടിക്കാന്‍ സമയക്രമവും കോടതി നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ആറു മണിക്കും ഏഴുമണിക്കും ഇടയിലും രാത്രി എട്ട് മുതല്‍ പത്തുമണിവരെയും പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹരിത പടക്കങ്ങള്‍ ഉണ്ടാക്കുന്ന ഇടങ്ങളില്‍ പെട്രോളിംഗ് പരിശോധനകള്‍ നടത്തണം. വ്യാജ പടക്കങ്ങള്‍ കണ്ടെത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. 18 നും 21 നും ഇടയിലെ AQI റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിക്കാനും നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നേരെ പിഴയീടാകുമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് കൃത്യമായി നടപ്പിലാക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദര്‍ സിംഗ് സിസ്ര പ്രതികരിച്ചു.






