വിതുര: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പൊന്‍മുടിയില്‍ കനത്ത മഴ. ഒരാഴ്ചയായി ഈ മേഖലയില്‍ മഴ കനത്തു പെയ്യുകയാണ്. ബോണക്കാട്,കല്ലാര്‍,പേപ്പാറ മേഖലകളില്‍ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ട്. നദികളിലെ നീരൊഴുക്കും ഉയര്‍ന്നു.കൂടാതെ ഡാമുകളിലെ നീരൊഴുക്കും വര്‍ദ്ധിച്ചു. ഈ സ്ഥിതിതുടര്‍ന്നാല്‍ പൊന്‍മുടി വീണ്ടും അടച്ചേക്കും. മഴയുടെ തീവ്രത കൂടിയതോടെ പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് എസ്റ്റേറ്റ് തൊഴിലാളികള്‍ പറഞ്ഞു.
അതേസമയം പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് ഇന്നലെയും നൂറുകണക്കിന് സഞ്ചാരികള്‍ പൊന്‍മുടിയിലെത്തി. ഒരാഴ്ചമുന്‍പ് കല്ലാര്‍ മീന്‍മുട്ടിവെള്ളച്ചാട്ടം മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്നെങ്കിലും വീണ്ടും തുറന്നു. കാട്ടുമൃഗശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്.പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഈ മാസം രണ്ട് തവണയാണ് പൊന്‍മുടി അടച്ചിട്ടത്. മഴയെ തുടര്‍ന്ന് പൊന്‍മുടി റോഡില്‍ മണ്ണിടിച്ചിലുമുണ്ടായി.






