ടോക്യോ: ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി പൈസ കയ്യിൽ കരുതേണ്ടതില്ല. യു.പി.ഐ പണമിടപാടുകൾ ഇനി ജപ്പാനിലും സാധ്യമാകും. ജപ്പാനിലെ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ എളുപ്പമാക്കാൻ, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ജാപ്പനീസ് ഐ.ടി. ബിസിനസ് സേവന കമ്പനിയായ എൻടിടി ഡാറ്റ ജപ്പാനുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റുകൾ അന്താരാഷ്ട്ര തലത്തേക്ക് കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ നീക്കം ആരംഭിച്ചത്. ജപ്പാനിലെ എൻടിടി ഡാറ്റയുടെ പരിധിയിലുള്ള വ്യാപാര സ്ഥലങ്ങളിൽ ഇനി ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യു.പി.ഐ. ആപ്പുകൾ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് എളുപ്പത്തിൽ പേയ്മെന്റുകൾ നടത്താനാകും.
എൻപിസിഐ പറയുന്നതനുസരിച്ച്, ഈ കരാർ ഒരു തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറയിടുന്നതിനോടൊപ്പം ജാപ്പനീസ് വിപണിയിൽ യു.പി.ഐ. സ്വീകാര്യത ഉറപ്പാക്കുന്നതിൽ സുപ്രധാന ചുവടുവയ്പ് ആവുകയും, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ പേയ്മെന്റ് അനുഭവം മെച്ചപ്പെടുത്തുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇതോടെ ഇന്ത്യൻ യാത്രക്കാർക്ക് ജപ്പാനിൽ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പേയ്മെന്റുകൾ നടത്താൻ സാധിക്കുന്ന അവസരമാണ് ലഭിക്കുക. പദ്ധതിയാഥാർത്ഥയമാകു്‌നതോടെ ഏതൊരു കടയിലോ റസ്റ്റോറന്റിലോ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് യു.പി.ഐ. വഴി നേരിട്ട് പണമടയ്ക്കാൻ സാധിക്കും. ഇത് ഇന്ത്യക്കാർക്ക് വിദേശ യാത്ര എളുപ്പമാക്കുക മാത്രമല്ല, ജാപ്പനീസ് ബിസിനസ് രംഗത്തും ഉണർവുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.
ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് എത്തുന്ന യാത്രക്കാരെ മുൻനിർത്തിയാണ് അവരുടെ പേയ്മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കുന്നത്. ഈ സഹകരണം ഇരു രാജ്യങ്ങളുടെയും ബിസിനസ്, ടൂറിസം മേഖലകൾക്ക് കൂടുതൽ കരുത്ത് നൽകും .
അതേസമയം, ജപ്പാൻ ടൂറിസം ഏജൻസിയുടെ കണക്കുകൾ പ്രകാരം, 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 280,000-ത്തിലധികം ഇന്ത്യക്കാരാണ് ജപ്പാൻ സന്ദർശിച്ചത്, ഇത് 2024-നെ അപേക്ഷിച്ച് 36% വർധനവാണ് ഉണ്ടായത്. യുപിഐ പേയ്മെന്റുകൾ നിലവിൽ വരുന്നതോടെ, സന്ദർശകരുടെ എണ്ണം ഭാവിയിൽ കൂടുതൽ വേഗത്തിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതവും വേഗതയേറിയതും താങ്ങാനാവുന്നതുമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലൂടെ ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെ ഈ കരാർ കൂടുതൽ ശക്തിപ്പെടുത്തും.
ഇന്ത്യയുടെ യു.പി.ഐ. ഇപ്പോൾ 10 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്, ജപ്പാനും ഈ പട്ടികയിലേക്കു വരുന്നതോടെ യുപിഐ ഇടാപാടുകളുടെ പ്രചാരം വർധിക്കുകയാണ് . യു.എ ഇ, ഖത്തർ, ഫ്രാൻസ്, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മൗറീഷ്യസ്, ടൊബാഗോ, ട്രിനിഡാഡ് എന്നിവയാണ് നിലവിൽ യു.പി.ഐ ലഭ്യമായ രാജ്യങ്ങൾ. ജപ്പാനെ ചേർക്കുന്നതിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് നെറ്റ് വർക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വ്യാപകവും ശക്തവുമാകും.




