ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ഇനി വൃത്തിയില്ലാത്ത വെള്ള ഷീറ്റുകളും പഴയ പുതപ്പുകളും യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ല. യാത്രക്കാരുടെ ശുചിത്വവും സുഖസൗകര്യവും മുൻനിർത്തി, ഇന്ത്യൻ റെയിൽവേ പുതിയ പ്രിന്റ് ചെയ്ത ബ്ലാങ്കറ്റുകൾ അവതരിപ്പിച്ചു.
‘വോക്കൽ ഫോർ ലോക്കൽ’ മിഷന്റെ ഭാഗമായാണ് എസി കോച്ചുകളിലേക്കായി പരമ്പരാഗത സംഗനേർ ഡിസൈനിലുള്ള ബ്ലാങ്കറ്റുകൾ അവതരിപ്പിച്ചത്. വ്യാഴാഴ്ച ജയ്പൂർ–അസർവ എക്സ്പ്രസിലെ എല്ലാ എസി കോച്ചുകളിലും ഈ പുതപ്പ് കവറുകൾ ഔദ്യോഗികമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രകാശനം ചെയ്തു.
ഇതുവരെ എസി കോച്ചുകളിലുളള യാത്രക്കാർക്ക് വെള്ള ഷീറ്റുകൾ, പുതപ്പുകൾ, തലയിണകൾ എന്നിവയാണ് ലഭിച്ചിരുന്നത്. എന്നാൽ, വെള്ള ഷീറ്റുകൾ മാസത്തിൽ ഒരോ രണ്ടുതവണ മാത്രമാണ് കഴുകാറുള്ളത്. ഇതു മൂലം വൃത്തിയില്ലായ്മയും ദുര്‍ഗന്ധവുമാണ് യാത്രക്കാർ നേരിടാറുണ്ടായിരുന്നത്.
ഇനി മുതൽ ഈ പ്രശ്നം അവസാനിപ്പിച്ച് പ്രിന്റ് ചെയ്ത പുതപ്പുകളും കവറുകളുമാണ് ലഭിക്കുക. എല്ലാ ട്രെയിനുകളിലേക്കും ഈ സംവിധാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. പുതിയ പദ്ധതിയിലൂടെ ശുചിത്വം, ഏകീകൃതത, മികച്ച ഓൺ-ബോർഡ് അനുഭവം എന്നിവ ഉറപ്പാക്കാനാണ് ലക്ഷ്യം.










