തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിന്ന വയോധികയാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് ഇത്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നുവെങ്കിലും, ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനങ്ങൾ എവിടെയും പുരോഗതി കൈവരിച്ചിട്ടില്ല.
അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള പഠനം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകൾ ഈ മാസം മാത്രം സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഈ രോഗം കേരളത്തിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.
കഴിഞ്ഞ വർഷം 38 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഈ വർഷം ഇതുവരെ 129 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി പഠനം നടക്കുമെന്ന് പറഞ്ഞിട്ടും, ഒന്നരമാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രവർത്തനമൊന്നും ആരംഭിച്ചിട്ടില്ല. ഡിഎച്ച്എസ്, ഡിഎംഇ, ഐസിഎംആർ എന്നിവ ചേർന്ന് നടത്താനിരുന്ന കേസ് കൺട്രോൾ പഠനം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്.
സിഇടി, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ് എന്നിവ ചേർന്ന് നടത്താനിരുന്ന സംയുക്ത പഠനം സംബന്ധിച്ചും വ്യക്തതയില്ല. പഠനം നടക്കുകയാണോ എന്നതിൽ പോലും ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്.




