മൈസൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പത് വയസ്സുകാരൻ അധ്യാപകന്റെ ക്രൂര മർദനത്തിനിരയായി. നായ്ക്കനഹട്ടി സംസ്കൃത വേദവിദ്യാലയത്തിലെ പ്രധാന അധ്യാപകൻ മുത്തശ്ശിയെ ഫോണിൽ വിളിച്ചതിനെയാണ് കുട്ടിയെ നിലത്തിട്ട് ചവിട്ടി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി.
വീരേഷ് ഹിരാമത്ത് എന്ന അധ്യാപകൻ “എന്തിന് വിളിച്ചു, ആരോട് വിളിച്ചു” എന്ന ചോദ്യങ്ങളോടെയാണ് കുട്ടിയെ നിലത്തിട്ട് അടിച്ചതെന്ന് പരാതിയിൽ പറയുന്നു. കുട്ടി വേദനയിൽ നിലവിളിക്കുമ്പോഴും അധ്യാപകൻ മർദനം തുടർന്നുവെന്നാണ് ദൃശ്യങ്ങളിൽ കാണുന്നത്.സംഭവം പുറത്ത് വന്നതോടെ അധ്യാപകൻ ഒളിവിലായിരിക്കുകയാണ്, പൊലീസ് തിരച്ചിൽ ആരംഭിച്ചു.
സ്കൂൾ അടച്ചുപൂട്ടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ചിത്രദുർഗ ജില്ലയിലെ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ റസിഡൻഷ്യൽ സ്കൂളിൽ ആദ്യഘട്ടത്തിൽ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. പ്രധാനാധ്യാപകന്റെ ക്രൂരതയെയും ഭീഷണികളെയും ഭയന്ന് പലരും പോയതോടെ ഇപ്പോൾ പത്തിൽ താഴെ വിദ്യാർത്ഥികളാണ് അവിടെ തുടരുന്നത്. മറ്റ് കുട്ടികളും അധ്യാപകന്റെ ഭീഷണിയെക്കുറിച്ച് പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്.




