കോട്ടയം: കുമരകത്തുനിന്ന് കൊച്ചിയിലേക്ക് പോകാനായി ഇന്നു രാവിലെ 11നു രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ എത്തും. ഇന്നു രാവിലെയും കോട്ടയത്ത് ഗതാഗത നിയന്ത്രണമുണ്ട്. കോട്ടയം– കുമരകം റോഡ് വഴി എത്തുന്ന രാഷ്ട്രപതി ബേക്കർ ജംക്ഷൻ, കുര്യൻ ഉതുപ്പ് റോഡ്, ലോഗോസ് ജംക്ഷൻ വഴി ഹെലിപ്പാഡിൽ എത്തും. ഈ വഴിയിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം– കുമരകം– ചേർത്തല റോഡിൽ കോട്ടയം നഗരത്തിനും ബണ്ട് റോഡ് ജംക്ഷനും ഇടയിൽ കടുത്ത നിയന്ത്രണമുണ്ടാകും. രാവിലെ 6 മുതൽ 11 വരെയുമാണ് കോട്ടയം, കുമരകം ഭാഗത്തെ നിയന്ത്രണങ്ങൾ. കോട്ടയം നഗരത്തിലും കോട്ടയം– കുമരകം ഭാഗത്തും വഴിയോരക്കടകൾ, റോഡരികിലെ പാർക്കിങ്, ഓട്ടോ– ടാക്സി സ്റ്റാൻഡുകൾ എന്നിവ ഇന്ന് ഉച്ചയ്ക്ക് 12 വരെ നിരോധിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ സ്കൂളുകൾ രാവിലെ 8.30ന് മുൻപായി പ്രവർത്തനം ആരംഭിക്കാൻ നിർദേശമുണ്ട്.
ഇന്നലെ കുമരകം താജ് ഹോട്ടലിൽ എത്തിയ രാഷ്ട്രപതിയെ ചെണ്ടമേളത്തോടെയാണു സ്വീകരിച്ചത്. ബഗ്ഗിയിൽ കയറിയ രാഷ്ട്രപതി കായലോരത്തെ മുറിയിലേക്കു പോയി. 24–ാം നമ്പർ മുറിയിലായിരുന്നു താമസം. രാത്രി എട്ടോടെ തിരികെ റിസപ്ഷൻ ഭാഗത്ത് എത്തിയ രാഷ്ട്രപതി കഥകളി, ചെണ്ടമേളം, ഭരതനാട്യം എന്നിവ ആസ്വദിച്ചു. രാഷ്ട്രപതിക്കൊപ്പം എത്തിയ മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രേം 23–ാം നമ്പർ മുറിയിലാണ് താമസിച്ചത്. 21–ൽ ഗവർണറും 22ൽ മന്ത്രി വി.എൻ.വാസവനും. ഇന്നു രാവിലെ 7നു ഹൗസ് ബോട്ടിൽ രാഷ്ട്രപതി യാത്ര നടത്തി.
കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എറണാകുളത്ത് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും. ശേഷം റോഡ് മാർഗം 11.55നു എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തും. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയാകും. ചടങ്ങിനു ശേഷം 1.20നു നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിൽ 1.45നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് 1.55നു പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു തിരിക്കും.
കൊച്ചി നഗരത്തിൽ വാഹന നിയന്ത്രണം ഇങ്ങനെ
- ∙ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്നർ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് വൈറ്റില ജങ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കടവന്ത്ര ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂർ ജങ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോടതി ജങ്ഷനിലെത്തി കണ്ടെയ്നർ റോഡ് ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോർട്ടുകൊച്ചി – വൈപ്പിൻ ജങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ്.
- ∙തേവര ഫെറി ഭാഗത്തു നിന്നും കലൂർ, ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ, പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടമ്മൽ ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗർ വഴി മനോരമ ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കെ.െക. റോഡിലൂടെ കലൂർ ജങ്ഷനിലെത്തി പോകേണ്ടതാണ്.വൈപ്പിൻ ഭാഗത്തുനിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, ഹൈക്കോടതി ജങ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കലൂർ ജങ്ഷനിലെത്തി കെ.കെ റോഡിലൂടെ കടവന്ത്ര ജങ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിൽ എത്തി കുണ്ടന്നൂർ ജങ്ഷനിൽ നിന്നും കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോർട്ടുകൊച്ചി – വൈപ്പിൻ ജങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ്.
- ∙വി.വി.ഐ.പി. വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചു. നഗരത്തിൽ സമ്പൂർണ ഡ്രോൺ നിയന്ത്രണവും ഏർപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.




