തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐയുമായി വീണ്ടും ചർച്ചയ്ക്ക് സിപിഎം മുന്നോട്ടു വന്നു. എങ്കിലും ചർച്ചയിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ. വ്യക്തമായ പരിഹാര നിർദേശങ്ങൾ ഇല്ലാതെ ചർച്ചയ്ക്ക് പോകുന്നത് പ്രയോജനമില്ലെന്നതാണ് സിപിഐ നേതാക്കളുടെ നിലപാട്.
2017-ൽ തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭയിൽ നിന്നും വിട്ടുനിന്നതിന് ശേഷമാണ് സിപിഐ ഇങ്ങനെ കടുത്ത നിലപാട് എടുക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐയുടെ ഈ നിലപാട് എൽഡിഎഫ് മുന്നണിയിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്.
സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കുമെന്നാണ് നിലവിലെ വിവരം. രാജി വെപ്പിക്കുന്നതിലേക്ക് കടക്കുമോ എന്നതിലും ആകാംഷ നിലനിൽക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തിന് മുമ്പ് സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്.
കണ്ണൂരിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരിപാടികൾ റദ്ദാക്കി പുലർച്ചെ തിരുവനന്തപുരം തിരിച്ചെത്തി. മുഖ്യമന്ത്രിയും വ്യക്തിപരമായി ഇടപെടാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. നവംബർ ഒന്നിന് ചേരാനിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രഖ്യാപനങ്ങളാണ് ഇന്ന് മന്ത്രിസഭാ യോഗത്തിന്റെ പ്രധാന അജൻഡ.


