ന്യൂയോർക്ക്: മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2028ൽ വൈസ് പ്രസിഡന്റാകാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് ഭരണഘടനയിലെ 22-ആം ഭേദഗതി പ്രകാരം, ഒരു വ്യക്തിക്ക് രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റ് പദവി വഹിക്കാൻ സാധിക്കില്ല. ഭേദഗതി റദ്ദാക്കാൻ ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അംഗീകാരം വേണം. അല്ലെങ്കിൽ, മൂന്നിൽരണ്ട് സംസ്ഥാന നിയമസഭകൾ ചേർന്ന് ഭരണഘടനാ കൺവൻഷൻ വിളിക്കണം. ഈ രണ്ട് സാഹചര്യങ്ങളും നടക്കാൻ സാധ്യതയില്ല.
ഭേദഗതി റദ്ദാക്കൽ പ്രാബല്യത്തിൽ വരാൻ 38 സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം. ട്രംപിന് മൂന്നാംവട്ടവും അധികാരത്തിൽ എത്താനുള്ള പദ്ധതി ഒരുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് സ്റ്റീവ് ബാനൺ വെളിപ്പെടുത്തിയിരുന്നു. “ഉചിതമായ സമയത്ത് ആ പദ്ധതി വെളിപ്പെടുത്തും,” എന്നാണ് ബാനന്റെ പ്രതികരണം.


