വാഷിംഗ്ടൺ: റഷ്യയുടെയും ചൈനയുടെയും വളർന്നു വരുന്ന ആണവ പരിപാടികൾക്ക് മറുപടിയായി, അമേരിക്കൻ ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
“മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയ്ക്കുണ്ട്. റഷ്യയും ചൈനയും നടത്തുന്ന പരീക്ഷണങ്ങൾ കണക്കിലെടുത്ത്, അമേരിക്കയും തുല്യമായി പ്രവർത്തിക്കണം. അതിനായി പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പ്രക്രിയ ഉടൻ ആരംഭിക്കും എന്ന് ട്രൂത്ത് സോഷ്യലിൽ നൽകിയ പോസ്റ്റിൽ ട്രംപ് പറഞ്ഞു,
തന്റെ ആദ്യ ഭരണകാലത്ത് അമേരിക്കൻ ആണവായുധ ശേഖരത്തിന്റെ സമഗ്ര നവീകരണം നടപ്പാക്കിയതായും ട്രംപ് ഓർമ്മിപ്പിച്ചു. “അതിശക്തമായ വിനാശകരമായ ശക്തിയായതിനാൽ അത് ചെയ്യാൻ എനിക്ക് വെറുപ്പായിരുന്നു, പക്ഷേ അത് അനിവാര്യമായിരുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്ക ഇപ്പോഴും ലോകത്തിലെ മുൻനിര ആണവശക്തിയായി തുടരുന്നതായും, റഷ്യ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അവർ തുല്യശക്തിയാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആണവായുധ നവീകരണവും പ്രതിരോധ സംവിധാനങ്ങളും സംബന്ധിച്ച് ആഗോളതലത്തിൽ സംഘർഷം വർദ്ധിച്ചിരിക്കുന്ന സമയത്താണ് ട്രംപിന്റെ ഈ പ്രസ്താവന. റഷ്യ നിരവധി ആയുധനിയന്ത്രണ കരാറുകളിൽ നിന്ന് പിന്മാറിയതിനിടെ, ചൈന തന്റേതായ ആണവ ശേഷി വേഗത്തിൽ വിപുലീകരിക്കുകയാണ്.
ഇതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ബുധനാഴ്ച “പോസിഡോൺ” ആണവശക്തിയുള്ള സൂപ്പർ ടോർപ്പിഡോ വിജയകരമായി പരീക്ഷിച്ചതായി അറിയിച്ചു. തീരപ്രദേശങ്ങളെ വൻ റേഡിയോ ആക്ടീവ് തിരമാലകളിലൂടെ നശിപ്പിക്കാനാവുന്ന ആയുധമാണിത്. ഒക്ടോബർ 21-ന് ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈലിന്റെയും തന്ത്രപ്രധാന ആണവ വിക്ഷേപണങ്ങളുടെയും പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം.










