പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയ ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്റ് ‘ നവംബർ 7ന് തിയേറ്ററുകളിലെത്തുന്നു. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ‘ഡം ഡം ഡം’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്.
അൽത്താഫ് സലീമും അന്ന പ്രസാദുമാണ് ഈ ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജയ് സ്റ്റെല്ലാർ ഈണം നൽകി സിത്താര കൃഷ്ണകുമാറും പ്രണവും ശശിയും ചേർന്ന് ആലപിച്ചിരിക്കുന്നതാണ് ഗാനം. ‘ഇന്നസെന്റ് ‘റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് ‘ഇന്നസെന്റ് ‘ ടീം ലക്ഷ്യമിടുന്നത്.


