മുംബൈ: കടുവയ്ക്ക് മദ്യം നൽകുന്ന തരത്തിൽ നിർമിതബുദ്ധി (എഐ) ഉപയോഗിച്ചു തയാറാക്കിയ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചയാൾക്കു നാഗ്പുർ പൊലീസ് നോട്ടിസ് അയച്ചു. ഇത്തരം വിഡിയോകൾ സമൂഹത്തിനു തെറ്റായ സന്ദേശമാണു നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഡിയോ സമൂഹമാധ്യമത്തിൽനിന്നു നീക്കം ചെയ്തു.
മദ്യലഹരിയിലുള്ള ഒരാൾ കടുവയ്ക്ക് മദ്യം നൽകുന്നതും അതിനെ തലോടുന്നതുമായ 6 സെക്കൻഡ് വിഡിയോയാണു കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചത്. മഹാരാഷ്ട്ര– മധ്യപ്രദേശ് അതിർത്തിയിലാണു സംഭവമെന്നും വിഡിയോയിലുണ്ടായിരുന്നു. അതോടെ മേഖലയിലെ ജനങ്ങൾ പരിഭ്രാന്തരായി.
ഒക്ടോബർ 30നാണു രാജു പട്ടേൽ എന്ന മുംബൈ സ്വദേശി വിഡിയോ പോസ്റ്റ് ചെയ്തത്. അതു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തുടർന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് എഐ വിഡിയോയാണെന്നു വ്യക്തമായത്.




