തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ഏറ്റെടുത്ത നിർമ്മാണപ്രവൃത്തികൾ വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. ഏറ്റെടുത്ത എല്ലാ പ്രവൃത്തികളും ഫെബ്രുവരിക്കകം പൂർത്തിയാക്കണമെന്നാണ് മന്ത്രി കർശന നിർദേശം നൽകിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ 1600 കോടി രൂപയുടെയും കിഫ്ബിയുടെ 1500 കോടി രൂപയുടെയും കെഎസ്ടിപിയുടെ 700 കോടി രൂപയുടെയും പദ്ധതികളാണ് പൂർത്തിയാകാതെ നീണ്ടുപോകുന്നത്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും നിർമ്മാണപ്രവൃത്തികൾ തടസ്സപ്പെട്ടിരിക്കുന്നത്.
ഫ്ലൈഓവറുകൾ, പാലങ്ങൾ, റോഡുകൾ എന്നിവയുടെ നിർമ്മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. കേരളത്തിൽ ഏറ്റെടുത്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ മറ്റ് സംസ്ഥാനങ്ങളിൽ വലിയ നിർമ്മാണപ്രവൃത്തികൾ ഏറ്റെടുക്കുന്നതിനെയും മന്ത്രി വിമർശിച്ചു.
കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത പദ്ധതി അവലോകന യോഗത്തിലാണ് മന്ത്രി ഊരാളുങ്കലിനെതിരെ അതൃപ്തി അറിയിച്ചത്. എല്ലാ പ്രവൃത്തികളും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും മന്ത്രി കർശന നിർദേശം നൽകി.


