ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ ബംഗി ജമ്പിംഗിനിടെ 180 അടി ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്ക്. തപോവൻ–ശിവപുരി റോഡിലെ ത്രില്ല് ഫാക്ടറി അഡ്വഞ്ചർ പാർക്കിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ 24-കാരനായ സോനു കുമാറിനാണ് പരിക്കേറ്റത്. ഇയാളെ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചു. സോനുവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ബംഗി ജമ്പിംഗിനിടെ കയർ പൊട്ടിപ്പോയതോടെയാണ് സോനു കുമാർ ഉയരത്തിൽ നിന്ന് താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. ഒരു തകര ഷെഡ്ഡിലേക്കാണ് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലും ഇടത് കൈയിലുമാണ് സാരമായി പരിക്കേറ്റത്.
സോനു കുമാറിന്‍റെ സുഹൃത്താണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. ഈ സംഭവം സാഹസിക വിനോദങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തായാകുന്നതു വരെ ത്രില്ല് ഫാക്ടറി അഡ്വഞ്ചർ പാർക്കിന്‍റെ പ്രവർത്തനം നിർത്തിവച്ചു.






