ഇടുക്കി: പൂപ്പാറയിലെ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ഉടുമ്പൻചോല എംഎൽഎ സേനാപതി വേണുവുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. റവന്യൂ വകുപ്പ് നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോർട്ടം തേനി മെഡിക്കൽ കോളേജിൽ തന്നെ നടത്താനും ധാരണയായി.
ബന്ധുക്കളുടെ അനുമതിയില്ലാതെ മൃതദേഹം തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയെന്നാരോപിച്ചായിരുന്നു ദേശീയപാത ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. ഇടുക്കി മെഡിക്കൽ കോളേജിൽ സർജൻ ഇല്ലാത്തതിനാലാണ് മൃതദേഹം തേനിയിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം.
തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം നേരിടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തിയാലും ഇവ വീണ്ടും ജനവാസമേഖലയിലേക്ക് തിരിച്ചെത്തുന്നതാണ് പതിവെന്നും നാട്ടുകാർ ആരോപിക്കുന്നു.


