കോഴിക്കോട് : അതായത് ചെറിയ പ്ലോട്ടായി മുറിച്ചു വാങ്ങിയ വസ്തുവിന് ബിൽഡിംഗ് പെർമിറ്റ് ലഭിക്കുവാൻ ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റിന്റെ ആവശ്യമില്ല. ഒരുവ്യക്തി 2.43 ആർ സെന്റ് സ്ഥലം വാങ്ങി. വീട് പണിയുന്നതിനായിട്ടുള്ള ബിൽഡിംഗ് പെർമിറ്റിനായി പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ, മുറിച്ചു വാങ്ങിയ സ്ഥലത്തിന് ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റില്ലായെന്ന കാരണത്താൽ അനുമതി നിരസിച്ചു. മുൻ വസ്തു ഉടമ ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ് ഇല്ലാതെ മുറിച്ചു വിറ്റുകൊണ്ടിരുന്ന പ്ലോട്ടുകളിൽ ഒന്നാണ് താൻ വാങ്ങിയതെന്നും, ഡെവലപ്മെന്റ് പെർമിറ്റ് എടുക്കേണ്ട ഉത്തരവാദിത്വം മുൻ ഉടമയ്ക്കാണെന്നും ചെറിയ പ്ലോട്ട് വാങ്ങിയ തനിക്കല്ല എന്നും വാദിച്ചു നോക്കി.
വാദമുഖങ്ങൾ കേട്ടപ്പോൾ സെക്രട്ടറി ഫയൽ മടക്കി. ബിൽഡിംഗ് പെർമിറ്റ് നിഷേധിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി ഇത്തരം കേസുകളിൽ നടത്തിയ ഉത്തരവുകളിൽ പരാതിക്കാർക്ക് അനുകൂലമായി താഴെ വിവരിക്കുന്ന രീതിയിലാണ് പരാമർശിച്ചിട്ടുള്ളത്.
”വലിയൊരു ഭാഗം ഭൂമി ചെറു പ്ലോട്ടുകളായി തിരിച്ച്, അതിൽ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന സാഹചര്യങ്ങളിൽ, കെട്ടിട നിർമ്മാണാനുമതിക്ക് വേണ്ടിയുള്ള അപേക്ഷ പരിഗണിക്കുന്നതിന് ഒരു മുൻപടി എന്ന നിലയിൽ, അപേക്ഷകൻ നിർബന്ധമായും ഡെവലപ്മെൻ്റ് പെർമിറ്റ് / ലേഔട്ട് അംഗീകാരം ഹാജരാക്കണമെന്ന് ശഠിക്കേണ്ട ആവശ്യമില്ല.
എക്സിബിറ്റുകളിൽ കാണുന്നത് പോലെ ഈ കോടതിയുടെ ഒട്ടേറെ വിധിന്യായങ്ങളിൽ ഈ നിയമം പിന്തുടർന്നിട്ടുണ്ട്. അതനുസരിച്ച്, ഈ കേസിലെ വസ്തുതകളും 2.43 (ആർ ) വരുന്ന ഒരു ചെറിയ പ്ലോട്ടിലെ ഭൂമിയുമായി ബന്ധപ്പെട്ടതാണെന്നും, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ റൂൾ 5-ൽ വിഭാവനം ചെയ്യുന്നതുപോലെ, ഒരു ഡെവലപ്മെൻ്റ് പെർമിറ്റ് ആവശ്യമുള്ള കൂടുതൽ വികസനം ഈ ഭൂമിയിൽ ആവശ്യമില്ലെന്നും മനസ്സിലാക്കുന്നു.”




