തിരുവനന്തപുരം: പത്ത് വർഷത്തെ സിപിഎം ഭരണത്തിന്റെ സമ്പൂർണ്ണ പരാജയം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധ തിരിച്ചുവിടാനായി സിപിഎം അക്രമ നാടകം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.
തിരുവനന്തപുരം നഗരസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ജി. ആശാനാഥ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം മുൻ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും ഭരണപരാജയവും തുറന്നുകാട്ടിയതിനാൽ അതിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നഗരസഭയിലെ അഴിമതികളും ഭരണവീഴ്ചകളും തുടർച്ചയായി പുറത്തുവരുന്നതിനാൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം പ്രതിഷേധ നാടകം അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ സമരത്തിനും പ്രതിഷേധത്തിനും അവകാശമുണ്ടെങ്കിലും, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സാലോജിക് അഴിമതിയുൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങൾ പ്രതിഷേധിക്കേണ്ടത് ഭരണകക്ഷിക്കെതിരെയാണെന്നും, തൊഴിലില്ലായ്മ, വിലക്കയറ്റം, മാലിന്യപ്രശ്നം, കുടിവെള്ളക്ഷാമം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭരണഘടനാ സ്ഥാപനങ്ങളാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും നിയമവാഴ്ച അനുസരിച്ചാണ് ഭരണസംവിധാനം മുന്നോട്ടുപോകുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.




