കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ 164 പേർ മരിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. 971 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരമാണ് 7.2യും 7.5യും തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങൾ രാജ്യത്ത് അനുഭവപ്പെട്ടത്. നൂറ്റാണ്ടിനിടെ വെനസ്വേലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഭൂചലനത്തെ തുടർന്ന് തലസ്ഥാനമായ കാരക്കാസിൽനിന്ന് 1700 കിലോമീറ്റർ അകലെയുള്ള ബ്രസീലിലെ ആമസോൺ മേഖലയിൽ പോലും കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇത് ഭൂചലനത്തിന്റെ വ്യാപ്തിയും തീവ്രതയും വ്യക്തമാക്കുന്നു.
മോറോൻ നഗരത്തിന് സമീപമാണ് ആദ്യ ഭൂചലനം ഉണ്ടായത്. ഒരു മിനിറ്റിനുള്ളിൽ തന്നെ രണ്ടാമത്തെ ശക്തമായ ചലനവും രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്നും ആശങ്കയുണ്ട്.





