മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് പുനഃപരീക്ഷയ്ക്ക് പിന്നാലെ 18 വയസ്സുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി. ഹിംഗോളി സ്വദേശിയായ സുശീൽ ധാകെ എന്ന വിദ്യാർഥിയാണ് മരിച്ചത്.
മരണത്തിന് തൊട്ടുമുമ്പ് ‘അമ്മ, എന്നോട് ക്ഷമിക്കൂ’ എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ സന്ദേശം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് കുടുംബാംഗങ്ങൾക്ക് അയച്ചതിന് ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. തുടർന്ന് കിണറ്റിൽ ചാടുകയായിരുന്നു.
വീഡിയോയിൽ, കടുത്ത മാനസിക സമ്മർദത്തിലാണ് താനെന്നും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും സുശീൽ പറയുന്നുണ്ട്. അമ്മയോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള വികാരഭരിതമായ സന്ദേശമാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ആദ്യം മേയ് 3-നാണ് നടന്നത്. ചോദ്യപ്പേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് മേയ് 12-ന് പരീക്ഷ റദ്ദാക്കി, പിന്നീട് ജൂൺ 21-ന് പുനഃപരീക്ഷ നടത്തിയിരുന്നു. ഈ പരീക്ഷയിൽ സുശീൽ പങ്കെടുത്തിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




