ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാൻ ഗൂഢാലോചന നടന്നതായി ഏജൻസികൾക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ചാവേറായ ഉമർ ഷൂസിലെ ബോംബിൽ ട്രിഗർ ഘടിപ്പിച്ചിരുന്നുവോ എന്നും സംശയിക്കപ്പെടുന്നു.
അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് കഴിഞ്ഞ രണ്ട് വർഷം സൗദി അറേബ്യയിൽ താമസിച്ചിരുന്നതായാണ് വിവരം. തുർക്കിയോടൊപ്പം മാലദ്വീപിലും യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. സ്ഫോടനക്കേസിൽ കൂടുതൽ അറസ്റ്റുകളിലേക്ക് എൻഐഎ നീങ്ങുകയാണ്.
ഇന്നലെ പിടിയിലായ കശ്മീരുകാരനായ ജസീർ ബിലാൽ വാണി ഡ്രോണിൽ മാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകിയതായാണ് എൻഐഎയുടെ കണ്ടെത്തൽ. ലഷ്കർ-എ-തയ്ബയുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ഷഹീൻ ഷാഹിദിനെതിരെ ഉന്നയിക്കുന്നത്. മുമ്പ് അറസ്റ്റിലായ അമീർ റാഷിദ് അലിയെ പത്ത് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇയാളെ കശ്മീരിലേക്ക് കൊണ്ടുപോയി തെളിവ് ശേഖരണം നടത്തും.









